തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീർ സിപിഎം സ്ഥാനാർഥിക്കു വേണ്ടി റോഡ് ഷോയിൽ പങ്കെടുത്തു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം നടത്തിയതായി പരാതി.
സ്പീക്കർ റോഡ് ഷോയിൽ പങ്കെടുത്തത് ഭരണഘടനാ പദവിയുടെ ദുരുപയോഗമാണെന്നും മുൻ സ്പീക്കർമാർ ആരും ഇതുവരെ ചെയ്യാത്തതാണി തെന്നും ആർഎസ്പി തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയ പരാതിയിൽ ആരോപിക്കുന്നു.
ചവറ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. സുജിത് വിജയൻപിള്ളയ്ക്കു വേണ്ടിയാണ് സ്പീക്കർ റോഡ് ഷോയിൽ പങ്കെടുത്തു വോട്ട് അഭ്യർഥിച്ചത്.
നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ, സ്പീക്കറെന്ന നിലയിലുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം മറന്നു രാഷ്ട്രീയ പ്രചാരണത്തിൽ ഏർപ്പെടുന്നത് ചട്ടലംഘനമാണെന്ന് ഷിബു ബേബി ജോണിന്റെ പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനം നടത്തിയ സ്പീക്കർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും വരും ദിവസങ്ങളിൽ അദ്ദേഹത്തെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.